
ഡാളസ്: സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടം നേരിട്ട് കാണാൻ നടൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം ഡാളസ് സ്റ്റേഡിയത്തിലെത്തി. ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ മറികടന്ന് സ്പെയിൻ ഫൈനലിലേക്ക് മുന്നേറുന്നതിന് ഇരുവരും ഗാലറിയിൽ നിന്ന് സാക്ഷിയായി.

70,000-ത്തിലധികം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിൽ മോഹൻലാലിന്റെയും സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകരുടെ ശ്രദ്ധ നേടി. സ്പെയിനിന്റെ യുവതാരനിരയും ഫ്രാൻസിന്റെ ആക്രമണശൈലിയും നേർക്കുനേർ വന്ന മത്സരത്തിലെ ഓരോ നിമിഷവും മോഹൻലാൽ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ഈ ലോകകപ്പിൽ മോഹൻലാൽ ഗാലറിയിലെത്തുന്നത് ഇതാദ്യമല്ല. കൻസാസ് സിറ്റിയിൽ നടന്ന അർജന്റീന–സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ മത്സരവും അദ്ദേഹം നേരിട്ട് കണ്ടിരുന്നു.
അർജന്റീനയുടെ എവേ ജേഴ്സി ധരിച്ച് കറുത്ത കണ്ണടയും കൊമ്പൻ മീശയുമായി സ്റ്റേഡിയത്തിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ അന്നും ആരാധകർ ഏറ്റെടുത്തിരുന്നു. മെസിയും സംഘവും വാം-അപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു.


