
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടുതൽ വിശദമായ അപേക്ഷ സമർപ്പിച്ചത്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂവെന്നും ഗ്രൂപ്പ് അറിയിച്ചു.
49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമിക ധാരണ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ കൺസഷനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്.
കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ വിഷയത്തിൽ സർക്കാർ തുടർനിലപാട് സ്വീകരിക്കൂവെന്നാണ് സൂചന.
അതേസമയം, വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനം 2024 ഡിസംബർ 24ന് ആരംഭിച്ചതിനാൽ ഓഹരി വിൽപ്പനയ്ക്ക് അവകാശമുണ്ടെന്നാണ് ഗ്രൂപ്പിന്റെ വാദം.
എം.എസ്.സിയുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ആഗോള തുറമുഖ വ്യാപാര സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ സഹകരണമുണ്ട്.


