
ന്യൂഡൽഹി: നിരോധിത ആപ്പുകളും ഓൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങുന്നു. വിപിഎൻ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി വിപുലമായ നിയമനിർമാണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോർട്ട്.
പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾ ഇന്ത്യയിൽ പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കേണ്ടിവരും. കൂടാതെ, സർക്കാരുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കൈകാര്യം ചെയ്യുന്നതിനായി കംപ്ലയൻസ് ഓഫീസർമാരെയും നിയമിക്കേണ്ടിവരുമെന്നാണ് സൂചന.
ഉപയോക്താക്കളുടെ പേര്, ഇമെയിൽ ഐഡി, കോൺടാക്റ്റ് നമ്പർ, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങൾ സൂക്ഷിക്കണമെന്ന് 2022ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം വിപിഎൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
സർക്കാർ നിരോധിച്ച ആപ്പുകളും അക്കൗണ്ടുകളും ഓൺലൈൻ സേവനങ്ങളും വിപിഎൻ വഴി ഉപയോക്താക്കൾക്ക് തുടർന്നും ലഭ്യമാകുന്നത് കഴിഞ്ഞ മാസങ്ങളായി നിരീക്ഷണത്തിലുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
നിയമങ്ങൾ പാലിക്കാത്ത പക്ഷം ഇന്ത്യയിലെ പ്രാദേശിക ജീവനക്കാർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികളും പരിഗണനയിലുണ്ടെന്നാണ് വിവരം. 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾക്ക് ബാധകമായ രീതിയിലുള്ള നിബന്ധനകൾ വിപിഎൻ സേവനദാതാക്കൾക്കും കൊണ്ടുവരാനാണ് ആലോചന.
വിപിഎൻ സേവനങ്ങൾ ഉപയോക്താക്കളുടെ യഥാർത്ഥ ഐപി അഡ്രസ് മറച്ചുവെച്ച് മറ്റ് രാജ്യങ്ങളിലെ സെർവറുകൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുള്ള സൈറ്റുകളും സേവനങ്ങളും വിദേശ സെർവറുകൾ വഴി ലഭ്യമാകാനുള്ള സാധ്യതയുണ്ട്.
അതേസമയം, സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന സേവനമായും വിപിഎൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പുതിയ നിയമനിർമാണം നടപ്പിലായാൽ ഇന്ത്യയിലെ വിപിഎൻ സേവനങ്ങളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


