
മനാമ: ടൂറിസം വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിലും വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും ഇവന്റ് മേഖല പ്രധാന പങ്കുവഹിക്കുന്നതായി ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറഫി പറഞ്ഞു. പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന ഇവന്റുകൾക്കുള്ള പ്രിയപ്പെട്ട കേന്ദ്രമായി ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ബഹ്റൈനിലെ വിവിധ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇവന്റ് മേഖലയിലെ വേഗത്തിലുള്ള വളർച്ചയ്ക്കനുസരിച്ച് സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ഇവന്റ് മേഖലയെ വികസിപ്പിക്കുന്നതിൽ നിർണായക ഘടകമാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും ഗുണമേന്മയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലും സ്വകാര്യ മേഖല പ്രധാന പങ്കാളിയാണെന്നും അവർ വ്യക്തമാക്കി. ഇവന്റ് മേഖല ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഗതാഗതം, ലോജിസ്റ്റിക്സ്, ക്രിയേറ്റീവ് ഇൻഡസ്ട്രീസ് തുടങ്ങിയ ടൂറിസവുമായി ബന്ധപ്പെട്ട മേഖലകൾക്കും വലിയ പിന്തുണ നൽകുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ബഹ്റൈനിലെ വികസിത അടിസ്ഥാനസൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങൾ, ഇവന്റ് മാനേജ്മെന്റിൽ പരിശീലനം നേടിയ ദേശീയ വിദഗ്ധർ എന്നിവ പ്രയോജനപ്പെടുത്തി ഇവന്റ് മേഖലയെ കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളും യോഗത്തിൽ ചർച്ചയായി. പ്രാദേശികവും അന്താരാഷ്ട്രവുമായ പുതിയ ഇവന്റുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതും യോഗത്തിൽ പരിഗണിച്ചു.

2022–2026 ടൂറിസം മേഖലാ തന്ത്രത്തിന്റെ ലക്ഷ്യങ്ങളോട് ചേർന്ന് ബഹ്റൈനെ കൂടുതൽ മത്സരക്ഷമമായ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിൽ ഇവന്റ് മേഖല നിർണായക പങ്ക് വഹിക്കുമെന്ന് യോഗം വിലയിരുത്തി.
അതേസമയം, സ്വകാര്യ മേഖലയുമായി നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രിയുടെ താൽപര്യത്തെ ഇവന്റ് കമ്പനികളുടെ പ്രതിനിധികൾ അഭിനന്ദിച്ചു. ബഹ്റൈന്റെ പ്രാദേശികവും അന്താരാഷ്ട്രവുമായ മത്സരക്ഷമത വർധിപ്പിക്കുന്നതിനായി തുടർന്നും സഹകരിക്കാനും പ്രായോഗിക നിർദേശങ്ങൾ മുന്നോട്ട് വയ്ക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അവർ വ്യക്തമാക്കി.


