
ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമല സ്വർണക്കവർച്ചാ കേസിലെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും കേസ് സിബിഐക്ക് കൈമാറണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
2018 മുതൽ ശബരിമല ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ മാറിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018ലെ സംഭവവികാസങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയതായും, 2025ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത് ഭക്തരുടെ ആശങ്കകൾ കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഭക്തരുടെ വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും, മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിച്ച് അടിയന്തരവും നീതിപൂർവകവുമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു.


