
മനാമ: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും ജനങ്ങളിലെത്തിക്കുന്നതിനായി ബഹ്റൈൻ സർക്കാർ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു. 2026 ജനുവരി 15 മുതൽ ജൂൺ 24 വരെയുള്ള കാലയളവിലാണ് ഈ സേവനങ്ങൾ മെച്ചപ്പെടുത്തിയത്.
സേവന വിതരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സർക്കാർ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്.
പ്രധാന പരിഷ്കരണങ്ങളുടെ ഭാഗമായി നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയം ചെക്ക് ശേഖരണ നടപടികൾ കൂടുതൽ വേഗത്തിലാക്കി. വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂൾ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഇക്വിവലൻസി സേവനങ്ങൾ ലളിതമാക്കി. പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും QR കോഡ് പരിശോധന സംവിധാനം ഉൾപ്പെടുത്തുകയും ചെയ്തു.

സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ മറൈൻ സർവേ അപേക്ഷാ സേവനം വേഗത്തിലാക്കുകയും അപേക്ഷകളുടെ പുരോഗതി സ്വയമേവ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. പ്രവേശന പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾക്കായി അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുപ്പ് സേവനം ബഹ്റൈൻ സർവകലാശാല ഡിജിറ്റലൈസ് ചെയ്തു.
പുതിയ സേവന നവീകരണങ്ങളിലൂടെ സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന് കൂടുതൽ വേഗത ലഭിച്ചു. സേവനങ്ങൾ ലഭിക്കുന്നതിനുള്ള സമയം കുറഞ്ഞത് 25 ശതമാനം കുറയ്ക്കുകയും അപേക്ഷാ നടപടികൾ പരമാവധി നാല് ഘട്ടങ്ങളായി ചുരുക്കുകയും ചെയ്തു.
ആവശ്യമായ രേഖകളുടെയും സേവനം ലഭിക്കാൻ ആവശ്യമായ വെബ്പേജുകളുടെയും എണ്ണം പകുതിയായി കുറച്ചു. ഇലക്ട്രോണിക് അപേക്ഷാ ഫോമുകൾ, ലളിതമായ നടപടിക്രമങ്ങൾ, എല്ലാ സർക്കാർ ചാനലുകളിലുമുള്ള ഏകീകൃത സേവന വിവരങ്ങൾ എന്നിവയിലൂടെ ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തി.
ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനുള്ള ബഹ്റൈൻ സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവന നവീകരണങ്ങൾ നടപ്പിലാക്കിയത്.


