
മനാമ: ബഹ്റൈനോടുള്ള അചഞ്ചലമായ പിന്തുണയും വിശ്വസ്തതയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF) ബഹ്റൈന്റെ നേതൃത്വത്തിൽ “ലോയൽറ്റി പ്ലെഡ്ജ്” ഒപ്പുവെക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു.
ICRF ബഹ്റൈന്റെ തൊഴിലാളി ദിനാഘോഷ പരിപാടികളായ “സമ്മർ ഫെസ്റ്റ് 2026″ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും, ബഹ്റൈൻ സർക്കാരിനുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ചടങ്ങിലൂടെ വീണ്ടും പ്രഖ്യാപിച്ചു.
ICRF ചെയർമാൻ അഡ്വ. വി.കെ. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പാർട്ണർഷിപ്പ്സ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്ക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, LMRA പ്രതിനിധി ഷൈഖ അൽമുല്ല എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ICRF എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 400-ലധികം തൊഴിലാളികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ബഹ്റൈൻ ഭരണാധികാരികളും സർക്കാരും സ്വീകരിക്കുന്ന നടപടികൾക്ക് ഇന്ത്യൻ സമൂഹം നന്ദി രേഖപ്പെടുത്തി. ലോയൽറ്റി പ്ലെഡ്ജിൽ ഒപ്പുവെച്ചതിലൂടെ, പതിറ്റാണ്ടുകളായി ഇന്ത്യക്കാർക്ക് സുരക്ഷിതമായ ജീവിതവും തൊഴിൽ അവസരങ്ങളും ഒരുക്കിയ ബഹ്റൈൻ രാജ്യത്തോടുള്ള ആദരവും നന്ദിയും പ്രതിബദ്ധതയും വീണ്ടും ഉറപ്പിച്ചതായി സംഘാടകർ വ്യക്തമാക്കി.
ഇന്ത്യൻ സമൂഹവും ബഹ്റൈൻ രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രതീകമായിരുന്നു പരിപാടിയെന്ന് ICRF ബഹ്റൈൻ അറിയിച്ചു. ചടങ്ങ് വിജയകരമാക്കാൻ സഹകരിച്ച LMRA, തൊഴിൽ മന്ത്രാലയം, ഇന്ത്യൻ ക്ലബ്, തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, പിന്തുണക്കാർ, അഭ്യുദയകാംക്ഷികൾ എന്നിവർക്ക് സംഘടന നന്ദി രേഖപ്പെടുത്തി.


