
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വൻ നാടകീയ സംഭവവികാസങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ രൂക്ഷമായ തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു.
ഇന്ന് രാവിലെ ആരംഭിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് നിരവധി അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി.
യോഗത്തിനിടെ സംസാരിച്ച പ്രസിഡൻ്റ് ശ്വേത മേനോൻ, തനിക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കുകയും അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖർ റിപ്പോർട്ടിലെ സാമ്പത്തിക വിവരങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെട്ട് 45 ദിവസത്തെ സമയം നൽകണമെന്ന് ശ്വേത മേനോൻ നിർദേശിച്ചെങ്കിലും തർക്കം അവസാനിച്ചില്ല.


