
അയോധ്യ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണ-വെള്ളി നിക്ഷേപങ്ങൾ കാണാതായെന്ന പരാതികളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സിസിടിവി ദൃശ്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയായി. ക്ഷേത്രത്തിലെ ക്യാമറകളിലെ ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം സ്വയമേവ മായുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതുമൂലം നിർണായക കാലയളവിലെ ദൃശ്യങ്ങൾ ലഭ്യമല്ലാതായതായി അന്വേഷണ സംഘം വ്യക്തമാക്കി.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിനിടെ ലഭ്യമായ ചില സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയതിന്റെ സൂചനകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ സാങ്കേതിക സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

അന്വേഷണത്തിലെ ഏറ്റവും നിർണായക കണ്ടെത്തൽ 60 കിലോഗ്രാം വെള്ളി ശേഖരം കാണാതായെന്നതാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്വർണ്ണവ്യാപാരികളിൽ നിന്ന് സമാഹരിച്ച വെള്ളിത്തിട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കുന്നതിനായി കൈമാറിയിരുന്നുവെന്നാണ് വിവരം. എന്നാൽ ഈ വെള്ളി സ്വീകരിച്ചതിനെയോ സൂക്ഷിച്ചതിനെയോ ഉപയോഗിച്ചതിനെയോ സംബന്ധിച്ച രേഖകൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
വെള്ളിത്തിട്ടകൾ ട്രസ്റ്റിന് ഔദ്യോഗികമായി കൈമാറിയതിന്റെ രസീത് തങ്ങളുടെ കൈവശമുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഈ വെള്ളി ഉപയോഗിച്ചിട്ടില്ലെന്നും, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പേ അത് അപ്രത്യക്ഷമായതാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആഭരണങ്ങളുടെ ചുമതലയുള്ള കൃഷ്ണദേവ് തിവാരി, ട്രസ്റ്റ് പ്രതിനിധി ഡോ. അനിൽ മിശ്ര, നാല് പൂജാരിമാർ എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.


