മനാമ: ഹോർമുസ് കടലിടുക്കിലെ ബഹുരാഷ്ട്ര സൈനിക ദൗത്യവുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനെസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ബ്രിട്ടനും ഫ്രാൻസും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ 40-ലധികം രാജ്യങ്ങൾ പങ്കാളികളായി.

ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മേഖലയിൽ സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി രാജ്യാന്തര സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ചയായി. ബഹുരാഷ്ട്ര ദൗത്യത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു.

വാണിജ്യ-സിവിലിയൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കൽ, കടൽപാതകളുടെ സംരക്ഷണം, സമുദ്ര മൈൻ നീക്കംചെയ്യൽ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ പ്രവാഹവും സുരക്ഷിതമായ സമുദ്ര ഗതാഗതവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.



