കാസർഗോഡ്: തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി പത്തു ദിവസം മുൻപ് മരിച്ചത്. കിദൂർ, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട പ്രതിശ്രുത വധു പ്രഫുല്ലയുടെ മൃതദേഹം അന്ത്യാഭിലാഷ പ്രാകാരം തമിഴ്നാട് തിരുനെൽവേലിയിലെ വള്ളിയൂർ ഗ്രാമത്തിൽ സംസ്ക്കരിച്ചു.
മണിയുടെ സംസ്ക്കാര ചടങ്ങിൽ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. ‘തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികിൽ’ സംസ്ക്കരിക്കണമെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്.

