ചണ്ഡീഗഢ്: നൂറ് കോടി രൂപയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ചണ്ഡീഗഢിലും ഡൽഹി-എൻസിആർ മേഖലയിലുമുള്ള അറോറയുടെ നാല് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഞ്ജീവ് അറോറയുടെ ഉടമസ്ഥതയിലുള്ള കമ്പനി വഴി ഡൽഹി ആസ്ഥാനമായുള്ള കടലാസ് കമ്പനികളിൽ നിന്ന് 100 കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകൾ വാങ്ങിയതായി വ്യാജ ഇൻവോയ്സുകൾ നിർമ്മിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഇതുവഴി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് , ജിഎസ്ടി റീഫണ്ട് എന്നിവ ഇനത്തിൽ വലിയ തുക തട്ടിയെടുത്തു. ഈ പണം ദുബായ് വഴി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തിച്ച് വെളുപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

