
തെഹറാന്: ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്. വെടിനിര്‍ത്തലല്ല, പൂര്‍ണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന് അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന് നിര്‍ദ്ദേശം. നേരത്തെ യുഎസ് നല്കിയ ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍.
രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിര്‍ദ്ദേശങ്ങളുടെ പട്ടിക. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന് പറയുന്നത്. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നും ഉറാന് ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും യുഎസ് അവസാനിപ്പിക്കണം, മേഖലയില്‍ നിന്നും യുഎസ് സേന പൂര്‍ണമായും പിന്മാറണമെന്നും ഇറാന് ആവശ്യപ്പെടുന്നുണ്ട്.
ഇറാനെതിരെ ഭാവിയില്‍ ആക്രമണങ്ങളുണ്ടാകരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയതാണ് ഇറാന്റെ മറ്റ് നിര്‍ദ്ദേശങ്ങള്‍. ഇറാന് നല്കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
ഇറാന്റെ നിര്‍ദ്ദേശങ്ങളുടെ ഏകദേശ രൂപം മാത്രമേ തനിക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂവെന്നും പൂര്‍ണരൂപത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും അതിരുകടന്നാല്‍ വീണ്ടും സൈനിക ആക്രമണം നടത്തിയേക്കുമെന്ന സൂചനയും ട്രംപ് നല്‍കുന്നുണ്ട്.


