
തലശ്ശേരി: സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ വധിച്ച കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്.
മൂന്നു ജീവപര്യന്തം തടവുശിക്ഷ അപൂര്‍വമാണ്. മൂന്നു വകുപ്പുകളില്‍ മൂന്നു ജീവപര്യന്തവും ഒരു വകുപ്പില്‍ 7 വര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിവിധ വകുപ്പുകളിലായി ആകെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍ വാദിച്ചത്.
ദിവ്യശ്രീയെ 2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വെച്ചാണ് ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ. രാജേഷ് (41) വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമലയില്‍ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂര്‍ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസില്‍ സംഭവദിവസം രാവിലെ ദിവ്യശ്രീ കോടതിയില്‍ ഹാജരായി ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
വീടിന്റെ വരാന്തയില്‍ പെട്രോളൊഴിച്ചതിനു ശേഷം ദിവ്യശ്രീയെ പലതവണ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടര്ന്ന് വെട്ടി. തടയാന്‍ ശ്രമിച്ചപ്പോള്‍ ദിവ്യശ്രീയുടെ അച്ഛന് വാസുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ബൈക്കിലെത്തിയ പ്രതി അക്രമത്തിനു ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ച ശേഷം വളപട്ടണത്തെ ബാറില്‍ മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കേസില്‍ സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആയുധം കണ്ടെത്തിയതിന്റെയും വാങ്ങുന്നതിന്റെയുമടക്കമുള്ള സി.സി.ടി.വി. ദൃശ്യവും കോടതിയില്‍ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും ഹാജരാക്കി.


