
തൃശ്ശൂർ: യുവാവിനെ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർത്ഥ് നൽകിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊരട്ടി ജംക്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർത്ഥിനെ ബാറിൽ അടിപിടിയുണ്ടാക്കിയ ആളെന്ന് ആരോപിച്ച് അസഭ്യം പറയുകയും തുടർന്ന് മർദിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.
കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മർദിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. കൂടാതെ യുവാവിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു.
മർദനമേറ്റ് ബോധരഹിതനായ സിദ്ധാർത്ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സിദ്ധാർത്ഥിന്റെ അച്ഛനാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി ഒ.ആർ. കേളു ഇടപെട്ടതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നാണ് വിവരം.
വിനുകുമാറിനെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും നിലവിലുണ്ടെന്നും പൊലീസ് സേനയ്ക്കുള്ളിൽ നിന്നുപോലും പരാതികൾ ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.


