
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിനിമാ സംവിധായകന് രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യമനുവദിച്ചത്.
യുവനടി നേരിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് നല്കിയ പരാതിയിലാണ് മാര്‍ച്ച് 31ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍, ലൈംഗികാവശ്യമുന്നയിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്. നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരത്തതിനാല്‍ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നെന്നും ഇക്കാര്യം ഷൂട്ടിംഗ് സെറ്റില്‍ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം.


