
പ്രത്യേക ലേഖകന്‍
കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളില്‍ ആശങ്ക വിതച്ച് പോളിംഗ് കുതിപ്പ്. പോളിംഗ് അവസാനിക്കുന്ന സമയത്തുള്ള കണക്കനുസരിച്ച് 78.22 ശതമാനമാണ് പോളിംഗ്.
അന്തിമ കണക്ക് വരുന്നതോടെ ശതമാനം ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ പറുന്നത്. 80% കടക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളിലും ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ കണക്ക്. മെയ് 4നാണ് വോട്ടെണ്ണല്‍.
ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം നല്കിയ ആദ്യ കേരള സര്‍ക്കാരിനെ പുറത്താക്കിയ ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്- 85.72%. അന്ന് 108 സീറ്റില്‍ മത്സരിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റും 80 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 63 സീറ്റും നേടി.
പിന്നീട് 1987ലും പോളിംഗ് 80% കടന്നു- 80.54%. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- 78, യു.ഡി.എഫ്- 60 എന്നിങ്ങനെയായിരുന്നു സീറ്റുനില. കൂടാതെ മുന്നണിയില്ലാതെ മത്സരിച്ച സി.എം.പി. നേതാവ് എം.വി. രാഘവനും ഒരു സ്വതന്ത്രനും വിജയിച്ചു. വോട്ടിംഗ് ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏതെങ്കിലും മുന്നണിക്ക് അനുകൂലമാണെന്ന് ഉറപ്പിച്ചു പറയാനാവാത്ത വിധത്തിലായിരുന്നു ഈ പോളിംഗ് ശതമാനത്തിന്റെ കണക്കുകള്‍.
അതേസമയം, പോളിംഗ് 80% കടന്ന 1960ലും 1987ലും പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തൊട്ടുമുമ്പത്തെ ഇ.എം.എസ്. സര്‍ക്കാരിനെതിരായ കമ്യൂണിസ്റ്റ് വിരുദ്ധരുടെ കൂട്ടായ്മയാണ് ആ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്. കെ. കരുണാകരന് നേതൃത്വം നല്കിയ യു.ഡി.എഫ്. ഭരണത്തിനെതിരായ വികാരമാണ് 1987ല്‍ എല്‍.ഡി.എഫിന് വിജയം നേടിക്കൊടുത്തത്.
ഇത്തവണ പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ധനയുണ്ടായത് മതന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിലാണ് എന്നതും ശ്രദ്ധേയം. മുസ്ലിം സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മലബാറിലും മദ്ധ്യകേരളത്തില്‍ ക്രൈസ്തവ, മുസ്ലിം സമുദായങ്ങളുടെ വോട്ട് നിര്‍ണായകമായ ഇടങ്ങളിലും പോളിംഗ് വര്‍ധിച്ചിട്ടുണ്ട്. ഇത് ആര്‍ക്കായിരിക്കും അനുകൂലമാവുക എന്നത് കാത്തിരുന്നു കാണാം.


