
പ്രത്യേക ലേഖകന്‍
കോഴിക്കോട്: ആവേശക്കൊടുമുടി കയറിയ പ്രചാരണത്തിനൊടുവില്‍ ഇന്ന് കേരളത്തില്‍ നിശ്ശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്.
കാണാന്‍ വിട്ടുപോയ വോട്ടര്‍മാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
അക്രമസാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2,500 പ്രശ്നബാധിത ബൂത്തുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കുമായി 28,209 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുള്‍പ്പെടെ 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ലോക്കല്‍ യൂണിറ്റിന് പുറമെ സ്പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ സേനാംഗങ്ങള്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്നാട് പോലീസും സംസ്ഥാനത്തെത്തിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കുകയാണ്. രാവിലെ 8 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.


