
ദില്ലി: എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ ഇതിനിടെ ഇറാൻ പുകഴ്ത്തി.
എൽപിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇടപെടൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ സംസ്ഥാനങ്ങളുടെ ക്വാട്ടയാണ് ഇരട്ടിയാക്കിയത്.
തൊഴിലാളികൾക്ക് ആവശ്യത്തിന് സിലിണ്ടർ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾ മാത്രം നൽകി ഈ സിലിണ്ടർ തൊഴിലാളികൾക്ക് വാങ്ങാമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതുവഴി കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതേസമയം ഈ സിലിണ്ടർ ഗാർഹിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.


