ന്യൂഡൽഹി: ഇ20 പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിൽ നടത്തിയ പരിശോധനയിൽ പരിധിക്കുമുകളിൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, പെട്രോളിയം കമ്പനികൾക്കെതിരെ നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച 14 പെട്രോൾ സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ അളവ് 20 ശതമാനത്തിന് മുകളിലാണെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട പരിശോധനാഫലങ്ങൾ. ഇന്ത്യൻ ഓയിൽ സാമ്പിളിൽ 31.2 ശതമാനവും എച്ച്പിസിഎൽ സാമ്പിളിൽ 30.5 ശതമാനവും രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ബിപിസിഎൽ, നയാര, ഷെൽ എന്നിവയുടെ ചില സാമ്പിളുകളിലും 20 ശതമാനത്തിന് മുകളിൽ അളവ് കണ്ടെത്തിയെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം.
ഇന്ധനത്തിലെ യഥാർഥ എഥനോൾ അളവ് പമ്പുകളിൽ പ്രദർശിപ്പിക്കാത്തത് എന്തുകൊണ്ടെന്നും, ഉയർന്ന അളവിലുള്ള എഥനോൾ വാഹനങ്ങളെ ബാധിച്ചാൽ ഉത്തരവാദിത്തം ആർക്കാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പരിശോധനാഫലങ്ങൾ ചൂണ്ടിക്കാട്ടി വിഷയത്തിൽ വിശദമായ സംവാദത്തിനും അദ്ദേഹം പ്രധാനമന്ത്രിയെ ക്ഷണിച്ചു.
എന്നാൽ കർണാടകയിലെ പരിശോധനാഫലങ്ങളെ എണ്ണക്കമ്പനികൾ തള്ളി. സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധിച്ചതിലും നിശ്ചിത നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. തങ്ങൾ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും കമ്പനികൾ അറിയിച്ചു. പരിശോധനാഫലങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, സംസ്ഥാനത്തിന്റെ ആരോപണവും കമ്പനികളുടെ മറുപടിയും തമ്മിലുള്ള തർക്കം തുടരുകയാണ്.

