
തിരുവനന്തപുരം: കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്.
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പി കെ കൃഷ്ണദാസിന്റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ക്രൈസ്തവ പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പി കെ കൃഷ്ണദാസിന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. പാർട്ടിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.


