
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് വടകര പോലീസ് അവസാനിപ്പിച്ചു. പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിര്‍ സ്ക്രീന്‍ ഷോട്ടുകള്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.
സ്ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ് ഗ്രൂപ്പില്‍ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷണന്റെ ഫോണ്‍ പരിശോധനാഫലമടക്കമുള്ള തെളിവുകള്‍ കിട്ടിയില്ലെന്നും പോലീസ് പറയുന്നു.
കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ടത് മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിമായിരുന്നു. കാസിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.
സ്ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് 2024 ഏപ്രില്‍ 25ന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജിലാണ്. ‘റെഡ് ബറ്റാലിയന്’ എന്ന ഗ്രൂപ്പില്‍നിന്ന് കിട്ടയതാണെന്ന് അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന് മനിഷ് പൊലീസിനെ അറിയിച്ചു. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്’ ഗ്രൂപ്പില്‍ സ്ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിട്ടത് അമല്‍ റാം എന്ന വ്യക്തിയാണ്. റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് കിട്ടിയതെന്ന് അമല്‍ റാം പറഞ്ഞു. റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പില്‍ ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13നാണ് റിബേഷ് രാമകൃഷ്ണന് പോസ്റ്റ് ചെയ്തത്.
കേസില്‍ ഫോറന്‍സിക് പരിശോധനയും അന്വേഷണവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നല്‍കിയിരുന്നു. അന്വേഷണ ഘട്ടത്തില്‍ പ്രത്യേകമായി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി പരാതിക്കാരന്റെ ഹരജി തീര്‍പ്പാക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അപാകത തോന്നുന്നുണ്ടെങ്കില്‍ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.


