
മനാമ: ചികിത്സ നൽകിയ ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ച് ബഹ്റൈൻ രാജകുടുംബാംഗം ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. ഡോക്ടർമാരുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും മികച്ച പരിചരണത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ദൈവം അവർക്ക് സമൃദ്ധമായ പ്രതിഫലം നൽകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. തനിക്ക് സംഭവിച്ച പരിക്ക് ജീവിതത്തിലെ ഒരു താൽക്കാലിക ഘട്ടം മാത്രമാണെന്നും, നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവാനുഗ്രഹത്താൽ മുമ്പത്തേക്കാൾ കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. “വരാനിരിക്കുന്നത് കൂടുതൽ മനോഹരമായ ദിവസങ്ങളാണ്. ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവർ ഒരിക്കലും നിരാശരാകില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും പ്രാർഥനകളിലൂടെ പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഷെയ്ഖ് നാസർ നന്ദി രേഖപ്പെടുത്തി. ഈ പിന്തുണയും സ്നേഹവും പ്രയാസകരമായ ഈ ഘട്ടം അതിജീവിക്കാൻ തനിക്ക് വലിയ കരുത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


