
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് സി.പി.എമ്മിന്റെ വക്കീല്‍ നോട്ടീസ്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് അടിക്കുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്.
എല്‍.ഡി.എഫിനും സി.പി.എമ്മിനും അവമതിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണിതെന്നും പ്രസ്താവന പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിനെതിരെ വേണുഗോപാല്‍ ഗുരുതര ആരോപണമുന്നയിച്ചത്.
സി.പി.എം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ വ്യാജ ഐ.ഡി. നിര്‍മ്മാണം നടക്കുന്നുണ്ടെന്നും പരാജയഭീതിയില്‍ സി.പി.എം. പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


