
കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ്. യു.ഡി.എഫിന്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസയച്ചത്. ഇടതുമുന്നണിയുടെ അനൗണ്‍സ്മെന്റ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദമായിട്ടുണ്ട്.
അനൗണ്‍സ്മെന്റ് ശബ്ദം സി.പി.എം. നേതാവിന്റേതാണെന്ന് ആരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തിയിരുന്നു. അനൗണ്‍സ്മെന്റ് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറടക്കം നല്കി മൈക്ക് പെര്മിഷന് എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എല്‍.ഡി.എഫിന്റേതല്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞെങ്കിലും പരാതി നല്കാന് സി.പി.എം. തയ്യാറായിട്ടില്ല. സംഭവത്തില്‍ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ പ്രതികരിച്ചിരുന്നു. അനൗണ്‍സ്മെന്റ് റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍വെച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്.
ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍.ഡി.എഫ്. പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.


