
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കരയുദ്ധ ഭീഷണി കൂടി ഉയർന്നതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്ത്. കരയുദ്ധം തുടങ്ങിയാൽ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് വ്യക്തമാക്കി. നിലവിൽ 70 ലക്ഷത്തോളം ജനങ്ങൾ പോരാട്ടത്തിനായി സജ്ജമായിക്കഴിഞ്ഞെന്നും രാജ്യമൊട്ടാകെ ഇതിനായുള്ള മുന്നേറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലേക്ക് അതിക്രമിച്ചു കയറുന്നവർ ആയുധമേന്തി നിൽക്കുന്ന കുടുംബങ്ങളെയാകും ഇനി കാണേണ്ടി വരികയെന്നും ദേശീയ സുരക്ഷയ്ക്കായി ജനങ്ങൾ ഒന്നടങ്കം പോരാടുമെന്നും ഗലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്തെ ചെറുക്കാൻ സൈന്യത്തോടൊപ്പം ജനകീയ പ്രതിരോധം കൂടി ശക്തമാക്കാനാണ് ഇറാന്റെ നീക്കമെന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. നേരത്തെ ഇറാൻ സൈനിക മേധാവിയും ട്രംപിന് മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ, അതിവേഗം കരയുദ്ധത്തിന് ഇറാൻ സജ്ജമാകുന്നകയാണ്. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ശത്രുക്കളുടെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറെടുക്കണമെന്നും അമിർ ഹാത്മി ആവശ്യപ്പെട്ടു. ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇറാൻ സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ചുചേർത്തതായും സേനയുടെ യുദ്ധസന്നദ്ധത വിലയിരുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ – ഇസ്രയേൽ സംയുക്താക്രമണത്തെ വ്യോമ, മിസൈൽ ആക്രമണങ്ങളിലൂടെ ഇറാൻ തിരിച്ചടിക്കുന്നതിന് പിന്നാലെ നേരിട്ടുള്ള സൈനിക നീക്കത്തിന് കൂടി ഇരുപക്ഷവും കോപ്പുകൂട്ടുന്നത് പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഇറാന്റെ സൈനിക – ആണവശേഷികൾ തകർത്ത് വിജയം നേടിയെന്ന് ട്രംപ് ഇന്ന് രാവിലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരയുദ്ധ സാധ്യത കൂടി ശക്തമാകുന്നത്. അമേരിക്കയുടെ അടുത്ത നീക്കം കരയുദ്ധമായേക്കുമെന്ന ഇറാൻ വിലയിരുത്തുന്നുണ്ട്


