
മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എംഎൽഎയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. വി അബ്ദുറഹിമാൻ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം ചേരും. തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിനോട് ഇടഞ്ഞത്.
സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രണ്ടത്താണി രംഗത്തെത്തിയത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു.
‘സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങൾമാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്- രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു.


