
ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന കിംവദന്തികൾ കാട്ടുതീ പോലെ പടർന്നത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വെറും വ്യാജവാർത്തകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച നെതന്യാഹു തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയെ മുൻനിർത്തിയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളിൽ നെതന്യാഹുവിന്റെ വലതു കൈയിൽ ആറ് വിരലുകൾ ഉണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വീഡിയോയുടെ മുപ്പത്തിയഞ്ചാം സെക്കൻഡിൽ വിരലുകൾക്ക് സമീപം കണ്ട അസ്വാഭാവികമായ മാറ്റം, വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന സംശയത്തിന് ഇടയാക്കി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് എഐ വീഡിയോകൾ പുറത്തുവിടുന്നതെന്നും ചോദ്യമുയർത്തിയതോടെ വിവാദം കൊഴുത്തു.
വീഡിയോയുടെ പശ്ചാത്തലത്തിലെ മാറ്റങ്ങളും സംശയാസ്പദമാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ നെതന്യാഹുവിനെതിരെ ഇറാൻ പ്രതികാരം ചെയ്തേക്കാം എന്ന ഭീതി നിലനിൽക്കുന്നതിനാലാണ് ഇത്തരം വാർത്തകൾക്ക് പെട്ടെന്ന് പ്രചാരം ലഭിച്ചത്. എന്നാൽ വീഡിയോയിലെ ദൃശ്യങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഭാഗമായുണ്ടാകുന്ന കാഴ്ചാ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും പ്രധാനമന്ത്രി പൂർണ്ണ ആരോഗ്യവാനാണെന്നും ഇസ്രായേൽ വൃത്തങ്ങൾ ആവർത്തിച്ചു.


