
ടോക്കിയോ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാവുന്നതിനിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയ ശനിയാഴ്ച നിരവധി മിസൈലുകൾ പരീക്ഷിച്ചതായും അതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപത്ത് പതിച്ചതായുമാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എന്നാൽ ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകൾ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നിൽ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
ജപ്പാന്റെ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളാകാം എന്നാണ്. ദീർഘ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. അതുകൊണ്ട് തന്നെ ഇതൊരു വലിയ സൈനിക ശക്തിപ്രകടനമായാണ് കണക്കാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാന്റെ സമുദ്രാതിർത്തിക്ക് സമീപം ഏകദേശം 2800 മൈലിലധികം ദൂരത്തിലാണ് ഈ മിസൈലുകൾ പതിച്ചത്. ഇതോടെ മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിച്ചിട്ടുണ്ട്. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏഷ്യയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഉത്തര കൊറിയയുടെ വലിയ രീതിയിലെ മിസൈൽ പരീക്ഷണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണെന്നും അന്തർദേശീയ പ്രതിരോധ വിദഗ്ധർ പ്രതികരിക്കുന്നുണ്ട്. സാധാരണയായി അമേരിക്കയും ദക്ഷിണ കൊറിയയും വലിയ രീതിയിൽ സൈനികാഭ്യാസം നടത്തുമ്പോഴെല്ലാം ഉത്തര കൊറിയ അതിനെ തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായാണ് കാണാറ്. ഇതിന് മറുപടിയായി അവർ മിസൈൽ പരീക്ഷണം നടത്താറുമുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.


