
കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നം പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്.
എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 11.45 ഓടെയാണ് മോദി വിമാനമിറങ്ങിയത്. ഡിജിപി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി സുദർശൻ തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നാവിക സേന വിമാനത്താവളത്തിൽ നിന്ന് റോഡ് മാര്‍ഗമാണ് മറൈൻ ഡ്രൈവിലെ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ നടന്ന റോഡ് ഷോയ്ക്കുശേഷണാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെത്തിയത്. ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.
പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനും മന്ത്രിമാരടക്കമുള്ളവര്‍ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും കളക്ടറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എൻ എച്ച് ആറു വരിപാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയ പാത 66 ന്റെ തലപ്പാടി- ചെങ്കള, വെങ്ങളം -രാമനാട്ടുകാര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവാക്കിയിട്ടും പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. റിയാസിനെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയതിനെ മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയെ വിളിച്ചെന്നും മരുമകനെ കൂടി ഉള്‍പ്പെടുത്താനാവില്ലെന്നുമായിരുന്നു ബിജെപി മറുപടി.


