
തിരുവനന്തപുരം: യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ് നിലവിൽ അടുത്ത ബുക്കിംഗ് സാധ്യമാകുന്നത്. അതിനാൽ വലിയ ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്തു.
ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഷോർട്ടേജ് ഇല്ലായെന്നും വ്യവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്ന, മുൻഗണനാക്രമത്തിൽ പരിഗണിക്കേണ്ടതായിട്ടുള്ള ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങളേയും നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും ഓയിൽ കമ്പനികൾ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകളുടെ ദൗർലഭ്യം ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും അതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിലേയ്ക്ക് കത്ത് അയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവർഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി. ജില്ലാകളക്ടറുടെയും ജില്ലാ സപ്ലൈ ഓഫീസർമാരുടെയും നേതൃത്വത്തിൽ പരിശോധന സ്ക്വാഡുകൾ രൂപീകരിച്ച് ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കും. യോഗത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ., ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു തുടങ്ങിയവരും ഐ.ഒ.സി, ബി.പി.സി, എച്ച്.പി എന്നീ ഓയിൽ കമ്പനികളുടെ ഏരിയ മാനേജർമാരും പങ്കെടുത്തു


