കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നുവീണ് മരിച്ച തൊഴിലാളികളുടെ എണ്ണം നാലായി.
കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. ഇതില്‍ ജബ്ബാറും അഷ്റഫും ബഷീറും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ പയ്യോളി സ്വദേശി കോയ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണ് തകര്‍ന്നത്. രാവിലെ ലോഡിറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന 7 തൊഴിലാളികള്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണത്. കെട്ടിടം പൊളിയുന്ന ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്ലാബിനടിയില്‍ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി.
മുമ്പ് പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. അരിപ്പൊടി ഉള്‍പ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവര്‍ത്തിച്ചുവന്നത്. അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ വലിയങ്ങാടിയിലെ തൊഴിലാളികളാണ് സമീപത്തെ വാഹനത്തിലെ ജാക്കി ലിവറും മറ്റും ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തി രണ്ടു പേരെ പുറത്തെടുത്ത് കാറില്‍ ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കൂടിയെത്തി നടത്തിയ പരിശ്രമത്തിലാണ് മറ്റ് മൂന്നു പേരെ കൂടി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയില്നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും ഇതര ജില്ലകളിലേക്കുമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടു.
പ്രതിഷേധവുമായി ഉച്ചയ്ക്കു ശേഷം കോഴിക്കോട് കോര്പറേഷന് ഓഫീസിലേക്ക് ബി.ജെ.പി. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, കൗണ്‍സിലറും മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേയറുടെ ചേംബറിലേക്ക് പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഒടുവില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരെ മാത്രം മേയറുടെ ചേംബറില്‍ പോകാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയിലെത്തിയെങ്കിലും മേയര്‍ ഇല്ലാത്തതിനാല്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മേയറുടെ മേശപ്പുറത്ത് കറുത്ത തുണി വിരിച്ചു. ഇതേസമയം കോര്‍പറേഷനു പുറത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും കോര്പറേഷന് ഓഫീസ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോര്പറേഷന് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധപ്രകടനം നടത്തി.
Trending
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
- വാണിജ്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു
- കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാഖിന്റെ കടന്നുകയറ്റം ബഹ്റൈന്‍ അപലപിച്ചു
- 81 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- തൊഴിലാളികളുടെ അവകാശങ്ങള്‍: എല്‍.എം.ആര്.എ. അവബോധ ശില്പശാല നടത്തി
- കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു
- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പരീക്ഷ
- ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ

