
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയുമായി മന്ത്രി എ.കെ. ശശീന്ദ്രന്.
പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് എന്‍.സി.പി. നേതൃത്വമാണ്. ശശീന്ദ്രന് മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എന്‍.സി.പി. നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ താനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യവിരുദ്ധമായ നിലപാടാകും. ഞാന്‍ ജനാധിപത്യ വിശ്വാസിയാണ്. ഇടതുമുന്നണിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രവര്‍ത്തകനാണ്. പാര്‍ട്ടി അച്ചടക്കത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നയാളാണ്. പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുതെന്ന് പറഞ്ഞാല്‍ എത്ര സൗകര്യമുണ്ടെങ്കിലും മത്സരിക്കില്ല. പാര്‍ട്ടിക്ക് ആകെ മൂന്ന് സീറ്റാണുള്ളത്. അത് മാസങ്ങള്‍ക്ക് മുമ്പേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം കമ്മിറ്റി വിളിച്ച് ആലോചിച്ചാല്‍ തീരുമാനിക്കാവുന്ന ചെറിയൊരു കാര്യമാണത്. ആ സമയത്ത് തന്റെ പ്രശ്നങ്ങള്‍ നല്ലതും ചീത്തയും രണ്ടും പറയും. രണ്ടും പറഞ്ഞിട്ട് ഏതാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനിച്ചാല്‍ എത്ര ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ഏറ്റെടുക്കുമെന്നും ശശീന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. ബാബു ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ബാബുവിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു മറുപടി. ബാബു മത്സരിക്കണമോ വേണ്ടയോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ബാബുവിന്റെ ബുദ്ധിമുട്ടുകള്‍ പാര്‍ട്ടിയെ അറിയിച്ച് പാര്‍ട്ടിയാണ് അദ്ദേഹത്തിന് അനുവാദം കൊടുക്കേണ്ടത്. താന്‍ പഠിച്ച ജനാധിപത്യബോധം അതാണെന്നും ശശീന്ദ്രന് പറഞ്ഞു.
തുടര്‍ച്ചയായി മൂന്നു വട്ടമാണ് ശശീന്ദ്രന് എലത്തൂരില്‍ ജയിച്ചത്. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കഴിഞ്ഞ തവണ എന്‍.സി.കെയുടെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയെ തോല്‍പ്പിച്ചത്. 1980 മുതല്‍ ശശീന്ദ്രന് മത്സരരംഗത്തുണ്ട്. എട്ടു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച അദ്ദേഹം പത്തു വര്‍ഷത്തോളം മന്ത്രിയുമായി.


