
കൊല്ലം: തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആര് രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചത്. പരാതി നൽകിയിട്ടും നേതാക്കള്‍ നടപടിയെടുത്തില്ല. ഒരു യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു. കൊടിക്കുന്നിൽ സുരേഷ് അനുനയ ചർച്ച നടത്തിയിരുന്നു. പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത്തവണ അയിഷ പോറ്റി മത്സരിക്കട്ടെയെന്നും രശ്മിക്ക് ഇനിയും അവസരം ഉണ്ടെന്നായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി. തനിക്കെതിരെ പല പ്രചരണങ്ങൾ നടക്കുന്നുണ്ട്. സാമ്പത്തിക തിരിമറി ഉന്നയിക്കുന്നു. അത്തരത്തിൽ തിരിമറി ഉണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നൽകട്ടെ. തെരുവ് പട്ടികൾ കുരയ്ക്കട്ടെയെന്നും അതിനെല്ലാം മറുപടി കൊടുക്കാനില്ലെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കരയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രശ്മിയുടെ പ്രതികരണം.
ഇന്ന് ഉച്ചയോടെയാണ് ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് ആർ രശ്മി ബിജെപിയിൽ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് രശ്മി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടിയിൽ നിന്ന് അകലാൻ കാരണമെന്നും രശ്മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ അനുഭവങ്ങൾ പൊതുസമൂഹത്തോട് തുറന്നു പറയുമെന്നും രശ്മി നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ആരോപണവുമായി രശ്മി രംഗത്തെത്തിയത്.


