
നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതാൻ തയ്യാറാകാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സഞ്ജീവ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിനായി (IPL) രാജസ്ഥാൻ റോയൽസിന്റെ പ്രീസീസൺ ക്യാമ്പിൽ നാഗ്പൂരിൽ പരിശീലനം നടത്തുകയാണ് 14 കാരനായ താരം. അതുകൊണ്ടാണ് പരീക്ഷ എഴുതാത്തത് എന്നും പിതാവ് പറഞ്ഞു.
“എന്റെ മകൻ ഇപ്പോൾ നാഗ്പൂരിൽ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം പരിശീലനത്തിലാണ്. ഈ വർഷം പരീക്ഷയെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ഒടുവിൽ ഇത്തവണ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത വർഷം പരീക്ഷ എഴുതും” സഞ്ജീവ് പറഞ്ഞു. പരീക്ഷ എഴുതാനുള്ള ശ്രമം നടത്തിയാൽ മകന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“വൈഭവ് പരീക്ഷ എഴുതിയിരുന്നെങ്കിൽ കളിയിൽ മുഴുവൻ ശ്രദ്ധ നൽകാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവന്റെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലാണ് ” സഞ്ജീവ് വ്യക്തമാക്കി. പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയാണ് വൈഭവ്. സ്കൂളിൽ സ്ഥിരമായി പോയിരുന്ന സമയത്ത് എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിൽ കൂടുതലായി മാർക്ക് നേടാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.


