
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ, സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചതായി സൂചന. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ തദ്ദേശ സ്വയം തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലു പറയുന്നു. എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു.
മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ അങ്ങനെയായിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് കനഗോലു പറയുന്നത്. ഇരുമുന്നണികളും 40 ശതമാനം വോട്ട് നേടുമെന്നാണ് കണക്ക്. നേരിയ മുന്‍തൂക്കം യുഡിഎഫിനാണ്. എന്‍ഡിഎ 15 ശതമാനം വോട്ട് നേടുമെന്നും കനഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു.


