കുട്ടികൾക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന്, സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് യുഎസ് കോടതി 567 മില്യൺ ഡോളർ (ഏകദേശം 5300 കോടി രൂപ) പിഴ ചുമത്തി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ള ഏറ്റവും വലിയ പിഴയാണിത്.
മെറ്റയുടെ പ്ലാറ്റ്ഫോമുകൾ വായു മലിനീകരണത്തിന് സമാനമായ ഒരു പൊതുശല്യമായി മാറിയെന്ന് ന്യൂ മെക്സിക്കോ ജഡ്ജി ബ്രയാൻ ബീഡ്ഷെയ്ഡ് നിരീക്ഷിച്ചു. ഭാവിയിൽ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള ആഘാതങ്ങൾ കുറയ്ക്കുന്നതിനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് പിഴത്തുക നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.
വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവ്, ഇതേ കേസിൽ നേരത്തെ മെറ്റ അടയ്ക്കണമെന്ന് കോടതി നിർദേശിച്ച 375 മില്യൺ ഡോളറിന് (ഏകദേശം 3570 കോടി രൂപ) പുറമെയാണ്. ഇതോടെ കേസിൽ മെറ്റയ്ക്കെതിരെ ചുമത്തിയ ആകെ പിഴ 942 മില്യൺ ഡോളറായി (ഏകദേശം 8900 കോടി രൂപ) ഉയർന്നു.
മെറ്റയെ ഒരു ഫാക്ടറിയോടാണ് ജഡ്ജി ബീഡ്ഷെയ്ഡ് ഉപമിച്ചത്. പരസ്യങ്ങളും ഡിജിറ്റൽ കണ്ടന്റുകളുമാണ് ഫാക്ടറിയുടെ ഉൽപ്പന്നങ്ങളെങ്കിൽ, കുട്ടികളിൽ ഉണ്ടാകുന്ന മാനസികാഘാതവും ലൈംഗിക ചൂഷണവുമാണ് അതിൽ നിന്നുള്ള ‘മലിനീകരണം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

