കോഴിക്കോട്: എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ കായിക പരിശീലകയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻഡിപിഎസ് കോടതിയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡി അനുവദിച്ചത്.
പൊലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച കീർത്തന, എംഡിഎംഎ ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ വായ്പാ തിരിച്ചടവ് കാരണം മൈനസിലാണെന്നും അവർ പറഞ്ഞു.
“എന്റെ ഗ്രാമീണ ബാങ്കിലെയും കൊയിലാണ്ടി കാനറ ബാങ്കിലെയും അക്കൗണ്ടുകൾ ലോൺ തിരിച്ചടവ് കാരണം മൈനസിലാണ്. ഞാനൊരു അധ്യാപികയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടിൽ ഏർപ്പെടുന്ന ആളല്ല. മാധ്യമങ്ങളെങ്കിലും ഇത് തിരിച്ചറിയണം,” കീർത്തന പറഞ്ഞു.
അതേസമയം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഷിന്റോ ഷിബുവിനെ (22) കണ്ടെത്തുന്നതിനും കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
കീർത്തനയ്ക്ക് കേസുമായി ബന്ധമില്ലെന്നും അറസ്റ്റിലായ കാവ്യയുമായി 5,000 രൂപയുടെ ഒരു സാമ്പത്തിക ഇടപാട് മാത്രമാണ് ഉണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കാവ്യയുടെ ഒരു സുഹൃത്തിന് പണം ആവശ്യമായതിനാലാണ് ആ തുക കടമായി നൽകിയതെന്നും കീർത്തനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, ലഹരിമരുന്ന് വിതരണവുമായി പ്രതിക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കേസിലെ മറ്റ് പ്രതികളിലേക്കും തെളിവുകളിലേക്കും എത്താൻ കസ്റ്റഡി അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. അന്വേഷണത്തിൽ ചെറുതും വലുതുമായ നിരവധി സാമ്പത്തിക ഇടപാടുകൾ കീർത്തന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ കീർത്തനയ്ക്കു പുറമെ ചെരുവാളൂർ സർക്കാർ എൽ.പി. സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കെ. കാവ്യ (29), പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്റർ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

