
മനാമ: അമേരിക്ക, റഷ്യ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുവന്ന് അബുദാബിയിൽ യു.എ.ഇ. ആതിഥേയത്വം വഹിച്ച ത്രികക്ഷി ചർച്ചകളുടെ ഫലത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു.
ഇതിന്റെ ഫലമായി അമേരിക്കൻ മദ്ധ്യസ്ഥതയിൽ റഷ്യയ്ക്കും ഉക്രെനിയിനിനുമിടയിൽ 314 തടവുകാരെ കൈമാറാനുള്ള കരാർ ഒപ്പിട്ടു.
ഉക്രേനിയൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഒരു നല്ല ചുവടുവെപ്പാണ് ഈ കരാറെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യൂറോപ്യൻ ഭൂഖണ്ഡത്തിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നീതിയുക്തവും സമഗ്രവുമായ സമാധാനവും സുസ്ഥിരമായ അഭിവൃദ്ധിയും ഏകീകരിക്കാനും ഉതകുന്ന വിധത്തിൽ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും സമഗ്രവും ശാശ്വതവുമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ബഹ്റൈൻ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.


