
ദുബൈ: ഇന്ന് (2026 ഫെബ്രുവരി ഒന്ന്) മുതൽ യുഎഇയിലെ എല്ലാ അഡ്വർടൈസേഴ്സിനും കൊണ്ടന്റ് ക്രിയേറ്റർമാർക്കും പരസ്യം നൽകുന്നതിന് സാധുവായ പെർമിറ്റ് ആവശ്യമാണെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലെ പണമടച്ചുള്ളതും പണമടയ്ക്കാത്തതുമായ എല്ലാ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്.
2023 ലെ ഫെഡറൽ മീഡിയ നിയമ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം,എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്.
ഉള്ളടക്കത്തിന്റെയും പരസ്യത്തിന്റെയും നിലവാരം ഉയർത്തുക, തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, ഉത്തരവാദിത്തമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഡിജിറ്റൽ പരസ്യം പ്രോത്സാഹിപ്പിക്കുക, പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷണലും, സുതാര്യവും, വിശ്വസനീയതയും ഉറപ്പാക്കുക യുഎഇ പരസ്യ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക പ്രതിഭകളെ വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്.
മാധ്യമ മേഖലയിലെ ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക തലത്തിലുള്ള കൊണ്ടന്റ് ക്രിയേറ്റേഴ്സിന് പിന്തുണ നൽകുന്നതിനുമുള്ള യുഎഇയുടെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നടപടി.


