ന്യൂഡൽഹി: ദസറ ആഘോഷത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ രാവണനൊപ്പം കോലമാക്കി കത്തിച്ച് പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.
ക്രാന്തികാരി യുവ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനുമതിയില്ലാതെ പാർക്കിൽ സമരം നടത്തിയതിനാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുമെന്ന് സംഘടന നേരത്തേ പ്രഖ്യാപിച്ചതിനാൽ നിരവധി പേർ പ്രതിഷേധത്തിനെത്തിയിരുന്നു. രാവണന്റെ കോലം കത്തിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നത് എന്തിനാണെന്നും ഡൽഹി സർവകലാശാല വിദ്യാർഥിനി ജ്യോതി ചോദിച്ചു. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായെന്നും കോലം കത്തിച്ചതിനു പിന്നാലെ പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും അവർ ആരോപിച്ചു.
ദസറയുടെ ഭാഗമായി ഡൽഹിയിലെ പീതംപുരയിൽ കേശവ് രാംലീലാ കമ്മിറ്റി രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവർക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിച്ചിരുന്നു. ഇതിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. “സൗജന്യ പ്രചാരണം നൽകിയതിന് വളരെ നന്ദി” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

