
കുവൈത്ത് സിറ്റി: എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി കുവൈത്ത്. 18 വയസിന് താഴെയുള്ളവർക്ക് ഇനി മുതൽ എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരു ദിവസം രണ്ട് എനർജി ഡ്രിങ്കുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്നും സർക്കാർ പുറത്തിയ ഉത്തരവിൽ പറയുന്നു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമം നടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. പലചരക്ക് കടകൾ, ഫുഡ് ട്രക്കുകൾ, റസ്റ്റോറന്റുകൾ, കഫേകൾ,വെൻഡിങ് മെഷീനുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയുള്ള വിൽപ്പനയ്ക്കും വിലക്ക് ബാധകമാണ്.
എനർജി ഡ്രിങ്കുകളുടെ പാക്കേജിംഗിൽ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള വാണിജ്യ പരസ്യങ്ങളും സ്പോൺസർഷിപ്പുകളും പൂർണമായും നിരോധിക്കുമെന്നും സർക്കാർ അറിയിച്ചു.


