മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ബഹ്റൈനിലെ ബോഹ്റ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നൂറ്റിഅറുപതോളം തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ പതിനൊന്നാമത്തെ പ്രോഗ്രാം ആണ്. ഹമാല വില്ല പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.
ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര് മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു.
ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വോളന്റീർസ് , മുരളീകൃഷ്ണൻ, പവിത്രൻ നീലേശ്വരം എന്നിവർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു.