തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാത്ത സ്വാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമങ്ങൾ വിജ്ഞാപനം ചെയ്തതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.സിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ: എൻ.കെ. ശങ്കരന്റെ സേവന കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കി നിൽക്കെയാണ് തിരക്കിട്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നത്.
കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ താൽക്കാലിക ചുമതല വഹിക്കുന്ന വി.സിമാർ സ്ഥിരം അധ്യാപക നിയമനങ്ങൾ നടത്താ തിരിക്കുമ്പോഴാണ് കുസാറ്റിൽ താൽക്കാലിക വി.സി. സംവരണം അട്ടിമറിച്ച് നിയമനങ്ങൾ നടത്താൻ നടപടികളാരംഭിച്ചിരിക്കുന്നത്.
സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെന്റുകൾക്ക് അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികൾ വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു വേണ്ടി സൗകര്യപൂർവ്വം മറ്റ് ചില വകുപ്പുകളിലേക്ക് മാറ്റി വിജ്ഞാപനം ചെയ്തത് ചട്ടവിരുദ്ധമാണ്.
വ്യാപകമായ അധ്യാപക നിയമനങ്ങൾ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുസാറ്റിൽ പുതിയ നിയമനങ്ങൾ കൂടി നടത്തുന്നതോടെ മൂന്നു കോടി രൂപയുടെ അധികബാധ്യത ഉണ്ടാകും. അധ്യാപകരുടെ അദ്ധ്വാനഭാരം പുനർനിർണയം ചെയ്യാതെയാണ് പുതിയ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സംവരണം പൂർണമായി അട്ടിമറിച്ചുകൊണ്ടുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവയ്ക്കണ മെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.