കൊച്ചി: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ പതിമൂന്നുകാരി മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023 മാർച്ച് 29ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ ശുചിമുറിയിലാണു കണ്ടെത്തിയത്. പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കഴിഞ്ഞ 8 മാസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് സിബിഐ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. പൊലീസ് ക്വാർട്ടേഴ്സിലെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.
2023 മാർച്ച് 29ന് സ്കൂൾ പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ അന്നു വൈകിട്ട് ആറരയോടെ വീട്ടിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു. കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുമ്പോഴായിരുന്നു മരണം.