ചെന്നൈ: തഞ്ചാവൂരിൽ ദലിത് യുവാവിനെ പ്രണയിച്ചതിന് പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. നവീൻ(19) എന്ന യുവാവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് ഐശ്വര്യ(19)യെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ നവീന്റെ പരാതിയിൽ ഐശ്വര്യയുടെ പിതാവ് പെരുമാൾ, ബന്ധുക്കൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ജനുവരി 3നാണ് ഐശ്വര്യയെ കൊലപ്പെടുത്തി മൃതദേഹം സംസ്കരിച്ചത്. തിരുപ്പൂർ അവരപാളയത്തെ ഒരു വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് നവീനും ഐശ്വര്യയും ജോലി ചെയ്തിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിഞ്ഞെന്നുമാണ് (എന്നാൽ നവീന് വിവാഹപ്രായം ആകാത്തതിനാൽ നിയമപരമായി വിവാഹം സാധുവാകില്ല) നവീൻ നൽകിയ പരാതിയിൽ പറയുന്നത്. അവരപാളയത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം കഴിഞ്ഞത്. ഇതറിഞ്ഞ ഐശ്വര്യയുടെ പിതാവ് തങ്ങളെ വേർപെടുത്താനായി അവിടേക്ക് വരുന്ന വിവരം അറിഞ്ഞെന്നും അതിനാൽ ജനുവരി ഒന്നിനു തന്നെ വീരപാണ്ടി എന്ന സ്ഥലത്തേക്കു പോയി ഒരു വാടകവീട്ടിൽ താമസമാക്കിയെന്നും നവീൻ പറഞ്ഞു.
തുടർന്ന് മകളെ കാണാനില്ലെന്നു കാട്ടി പെരുമാൾ പൊലീസിൽ പരാതി നൽകി. ജനുവരി രണ്ടിന് പൊലീസ് ഇരുവരും താമസിച്ച സ്ഥലത്ത് എത്തുകയും ഐശ്വര്യയെ കൂട്ടിക്കൊണ്ടു പോയി പിതാവിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് ഐശ്വര്യയെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയ വിവരം സുഹൃത്തുക്കൾ വഴി അറിഞ്ഞതെന്നും നവീൻ പരാതിയിൽ പറഞ്ഞു. ഐശ്വര്യയുടെ പിതാവിനും ബന്ധുക്കൾക്കുമായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.