മനാമ: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ പതിനൊന്നാമത് പതിപ്പ് ഡിസംബർ 23 ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വെയ്ൽ ബിൻ നാസിർ അൽ മുബാറക് അറിയിച്ചു. അടുത്ത വർഷം ഏപ്രിൽ വരെ നടക്കുന്ന വാർഷിക വിപണിയിൽ 60-ലധികം പ്രാദേശിക ബിസിനസുകാരും സംരംഭകരും പങ്കെടുക്കും.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശങ്ങൾ പാലിച്ചാണ് കർഷക വിപണി സംഘടിപ്പിക്കുന്നതെന്ന് അൽ മുബാറക് വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖല വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള രാജാവിന്റെ കാഴ്ചപ്പാട് സമഗ്രമായി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കാനും പ്രാദേശികമായി ആവശ്യമായ പുതിയ തരം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും വിപണി സഹായിക്കുമെന്ന് എൻഐഎഡി സെക്രട്ടറി ജനറൽ ശൈഖ മറം ബിൻത് ഈസ അൽ ഖലീഫ പറഞ്ഞു.