തിരുവനന്തപുരം: കേരളത്തിലെ ഭരണതലവന് പോലും പുറത്തിറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളേയും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായിയുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഗവര്‍ണറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിപ്പോയി. ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാര്‍ഗ്ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണംകെട്ട രീതി ഒരു സര്‍ക്കാരിനും ചേര്‍ന്നതല്ല. സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂര്‍ണ്ണമായും തകര്‍ന്നു.
കോടികള്‍ പൊടിച്ച് നടത്തുന്ന പിണറായുടെ സുരക്ഷ ഇപ്പോള്‍ ക്രിമിനലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയില്‍ വെച്ചാല്‍ മതി. കേരളത്തിന്റെ ഭരണ തലവനായ ഗവര്‍ണര്‍ക്ക് പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത രീതിയില്‍ കേരളാ പോലീസ് വന്ധീകരിക്കപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.