മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയായ മറായി 2023 ന്റെ ആറാമത് പതിപ്പിന് തുടക്കമായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ബഹ്റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ നടന്നു. കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കും.
മൃഗങ്ങളുടെ ഉൽപ്പാദനം, അപൂർവയിനം പക്ഷികൾ, കോഴി, ആട്, ചെമ്മരിയാടുകൾ, കുതിരകൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ഏറ്റവും വലിയ എക്സിബിഷനുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ പതിപ്പിൽ വിവിധയിനം കന്നുകാലികൾ, ആടുകൾ, അപൂർവ മൃഗങ്ങളുടെയും പക്ഷികളുടെയും ഇനങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
ഫാർമേഴ്സ് മാർക്കറ്റ് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കൗബോയ്സ് വില്ലേജ്, ഡോഗ്സ് സർക്കസ്, ഗെയിംസ് പാർക്ക് (അൽ അരീൻ), ഫുഡ് ട്രക്കുകൾക്കായി പ്രത്യേകയിടം, മറ്റ് വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ മറായി 2023 ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് മൃഗോൽപാദന മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിൽ മേള സഹായകമാകും. അനുഭവങ്ങൾ പങ്കുവെക്കാനും രോഗ പ്രതിരോധമുൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്താനും കർഷകർക്ക് ആവശ്യമായ പിന്തുണ നൽകാനും മികച്ച രീതികളും സാങ്കേതികവിദ്യകളും പരീക്ഷിക്കാനും മേള സഹായകമാകും. അനുഭവങ്ങൾ കൈമാറുന്നതിനൊപ്പം വിപണനത്തിനും അവസരമൊരുക്കും. മൃഗങ്ങളുമായും പക്ഷികളുമായും ബന്ധപ്പെട്ട വിവിധ മത്സരങ്ങളും നടക്കും.
മൂന്നു ദിവസത്തെ പ്രദർശനം കാണാൻ ജനങ്ങൾക്ക് അവസരമുണ്ട്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം നടക്കുന്നത്. മുൻ പതിപ്പുകളിൽ രാജ്യത്തിനകത്തും പുറത്തും നിന്ന് 2,40,000-ലധികം സന്ദർശകർ എത്തിച്ചേർന്നിരുന്നു. പ്രദർശനം നവംബർ 25 ന് സമാപിക്കും.