മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തെ ഉൾപ്പെടെ ഏറെ ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ കാറപകടത്തെ തുടർന്നുണ്ടായ മരണം. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരണപ്പെട്ടത് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ്. ആശുപത്രിയിലെ ഓണാഘോഷങ്ങൾ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ വച്ചാണ് നടന്നത്. രാത്രി അവസാനിച്ച ആഘോഷങ്ങൾക്കൊടുവിൽ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. ഹൈവേയിൽ എത്തുന്നതിന് മുൻപുള്ള വളവിനടുത്ത് റോഡിൽ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് മരണപ്പെട്ടത്.
ആശുപത്രി ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ അഞ്ചുപേരും സജീവമായിരുന്നു. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമിൽ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇത് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്തശേഷമാണ് അഞ്ചുപേരും താമസസ്ഥലത്തേക്ക് തിരിച്ചത്.
ആഭ്യന്തര മന്ത്രാലയം അപകടത്തിൽ അന്വേഷണം നടത്തിവരുന്നു. മൃതദേഹങ്ങൾ സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നതായും നാളെ കൊണ്ടുപോകാൻ കഴിയുമെന്നും ഹോസ്പിറ്റലിൽ നിന്നുള്ള ഒരു പ്രതിനിധി ഓരോ മൃതദേഹത്തിനൊപ്പവും അനുഗമിക്കുമെന്നും ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.